
ന്യൂയോര്‍ക്ക്: അവയവകൈമാറ്റ രംഗത്ത് പുത്തന്‍ പ്രതീക്ഷയ്ക്ക് വഴിതെളിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ വൃക്ക വളര്‍ത്തിയെടുത്തു. എലികളില്‍ പരിശീലിച്ച വൃക്ക, മൂത്രം ഉത്പാദിപ്പിക്കുന്നതില്‍ വിജയിച്ചതായി അവര്‍ അറിയിച്ചു. ശാസ്ത്ര പ്രസിദ്ധീകരണമായ 'നേച്ചര്‍ മെഡിസിനാ'ണ് ചികിത്സാ രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനിടയാക്കുന്ന ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്. വൃക്ക നിര്‍മിക്കുന്നതും പരീക്ഷിച്ച് വിജയിക്കുന്നതും ആദ്യമാണ്.
രക്തത്തിലെ മാലിന്യങ്ങളും ശരീരത്തിലെ അധികജലവും അരിച്ചുനീക്കുന്നത് വൃക്കകളാണ്. അവയവം മാറ്റിവെക്കല്‍ രംഗത്ത് ഇന്ന് ഏറ്റവും അധികം ആവശ്യമുള്ളതും വൃക്കകള്‍ തന്നെ. പഴയ വൃക്കയിലെ കേടുവന്ന കോശങ്ങള്‍ പൊഴിച്ചു കളഞ്ഞ് തേനീച്ചക്കൂടുപോലെയാക്കിയ ശേഷം രോഗിയുടെ ശരീരത്തില്‍നിന്ന് തന്നെയെടുക്കുന്ന നല്ല കോശങ്ങള്‍ ഇതില്‍ വളര്‍ത്തി പുതിയ വൃക്കയുണ്ടാക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്.
രോഗിയുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായിരിക്കുമെന്നതും മാറ്റിവെച്ച വൃക്ക ശരീരം തിരസ്‌കരിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നതുമാണ് ഇതിന്റെ നേട്ടം. വൃക്ക, ശരീരം തിരസ്‌കരിക്കാതിക്കാന്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടിവരുന്നതും ഒഴിവാക്കാം. മസാച്യുസെറ്റ്‌സ് ജനറല്‍ ആസ്പത്രിയിലെ ഡോ. ഹരാള്‍ഡ് ഓട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് എലികള്‍ക്കുള്ള വൃക്ക വികസിപ്പിച്ചത്. ഈ വൃക്ക എത്രകാലം തകരാറില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കേണ്ടതുമുണ്ട്.
2006-ല്‍, രോഗിയുടെ തന്നെ ശരീരത്തില്‍ നിന്നെടുത്ത കോശങ്ങളില്‍നിന്ന് മൂത്രസഞ്ചി നിര്‍മിച്ചതാണ് അവയവങ്ങള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുന്ന കാര്യത്തിലുണ്ടായ ആദ്യ ചുവടുവെപ്പ്. എലിയില്‍ നിന്നെടുത്ത കോശങ്ങളില്‍നിന്ന് എലിയുടെ ഹൃദയവുമുണ്ടാക്കി. എന്നാല്‍, ഇപ്പോള്‍ എലിയുടെ വൃക്കയുണ്ടാക്കിയപോലെ എളുപ്പമായിരിക്കില്ല, താരതമ്യേന വലിപ്പമുള്ള മനുഷ്യ വൃക്കകളുണ്ടാക്കാന്‍ എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
News @ Mathrubhumi
Posted on: 16 Apr 2013
No comments:
Post a Comment