Search This Blog

Sunday, September 21, 2008

ഉദരശുദ്ധിക്ക്‌ പുതിന

നറുമണമുള്ള ഒരു ഔഷധ സസ്യമാണ്‌ പുതിന. വീട്ടു മുറ്റത്തും വേണമെങ്കില്‍ ചെടിച്ചട്ടിയിലും നട്ടു വളര്‍ത്താവുന്ന ഈ സസ്യം "ലേബിയേറ്റേ" എന്ന സസ്യ കുടുംബത്തില്‍ പെട്ട ഒന്നാണ്‌. ഇംഗ്ലീഷില്‍ മിന്റ്‌ എന്നറിയപ്പെടുന്ന പുതിനയുടെ ശാസ്ത്ര നാമം " മെന്ത അര്‍വന്റിസ്‌ " എന്നാണ്‌. ഇറച്ചിക്കറി, സൂപ്പ്‌, സോസ്‌, സലാഡ്‌ എന്നിവയിലൊക്കെ പുതിനയില ചേര്‍ക്കാറുണ്ട്‌. പുതിനയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണക്ക്‌ തികഞ്ഞ ഔഷധ മൂല്യമുണ്ട്‌. ജീവകം - എ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര തളര്‍ച്ചക്കും, വിളര്‍ച്ചക്കുമുള്ള ടോണിക്കുകളിലും ദഹനക്കേട്‌ ഉള്‍പ്പെടെയുള്ള ഉദരരോഗങ്ങള്‍ - വാതം, തലവേദന, പല്ലുവേദന ത്വക്ക്‌ രോഗങ്ങള്‍ മുതലായവയുടെ ഔഷധങ്ങളിലും ടൂത്ത്‌ പേസ്റ്റ്‌ , മിഠായികള്‍ മുതലായവയുടെ നിര്‍മാണത്തിനും,ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്‌ പുതിന.

100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്‌, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ്‌ , 15.06 മില്ലി ഗ്രാം ഇരുമ്പ്‌, 50 മില്ലിഗ്രാം ജീവകം - സി , 27009 യൂണിറ്റ്‌ "ജീവകം-എ" എന്നിവ അടങ്ങിയിട്ടുണ്ട്‌.


ഉദരസംബന്ധമായ ഏത്‌ രോഗത്തിനും പുതിനയില സിദ്ധൌഷധമത്രേ. ദിവസവും അല്‍പം പുതിനയിലച്ചാര്‍ ഉള്ളില്‍ചെന്നാല്‍ കുടല്‍ സംബന്ധമായ രോഗങ്ങള്‍ വരില്ല. മാത്രമല്ല കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ അത്‌ സഹായകരമാവും. ദഹനക്കേട്‌ , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൌഷധമാണ്‌.


പുതിനയില ഇട്ട്‌ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും പുതിനയില ചേര്‍ത്ത ചട്നി ഉപയോഗിക്കുന്നതും സലാഡിനൊപ്പം പുതിനയില കഴിക്കുന്നതും ശീലമാക്കാം.പുതിനയിലയുടെ നീര്‌ എടുത്ത്‌ രാത്രികാലങ്ങളില്‍ മുഖത്ത്‌ പുരട്ടിയാല്‍ മുഖക്കുരു മാറുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.

എം പി അയ്യപ്പദാസ്‌
മാതൃഭൂമി

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP