Search This Blog

Monday, September 15, 2008

ഗിനി വിരബാധ കേരളത്തിലും?

ഗിനി വിരബാധ കേരളത്തിലും?

പാലക്കാടും ഇടുക്കിയിലും അപകടകാരികളായ ഗിനിവിരകളെ കണ്ട വാര്‍ത്ത കേരളത്തിലെങ്ങും പരിഭ്രമം പരത്തി. കണ്ടത്‌ ഗിനിവിരയെത്തന്നെയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ജീവിതശൈലിയിലെ മാറ്റംകൊണ്ടേ ഈ വിരകളെ നിര്‍മാര്‍ജനം ചെയ്യാനാവൂ .

പാലക്കാട്ടും ഇടുക്കിയിലും അപകടകാരികളായ ഗിനി വിരകളെ കണ്ട വാര്‍ത്ത ആണവക്കരാറിനും ഡല്‍ഹിയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുമിടയില്‍ മുങ്ങിപ്പോയി. കണ്ടത്‌ ഗിനിവിരയെ തന്നെയാണെന്നും അല്ലെന്നുമുള്ള വാദം നിലനില്‍ക്കുന്നു. പക്ഷെ, നാലുവഷങ്ങള്‍ക്കു മുമ്പ്‌ ഇന്ത്യയില്‍ നിന്ന്‌ നിര്‍മാര്‍ജനം ചെയ്‌തു എന്നവകാശപ്പെടുന്ന സാഹചര്യത്തില്‍, കണ്ടത്‌ ഗിനിവിരയെ തന്നെയാണെങ്കില്‍ ആരോഗ്യ -സാമൂഹിക മേഖകളില്‍ അത്‌ കടുത്ത പ്രത്യാഘാതമുണ്ടാക്കും. പ്രാഥമിക പരിശോധനയില്‍ ഗിനിവിരയല്ലെന്നു തോന്നിയതിനാല്‍ തുടര്‍ പരിശോധന നടത്തിയില്ലെന്നാണ്‌ തനിക്ക്‌ കിട്ടിയ വിവരമെന്ന്‌ പാലക്കാട്‌ ഡി.എം.ഒ. പറയുന്നു. കണ്ടത്‌ ഗിനിവിരയല്ലെങ്കില്‍ പിന്നെ ഏതു വിരയാണെന്ന്‌ അധികൃതര്‍ വിശദമാക്കുന്നുമില്ല. ഗിനിയുടെ വകഭേദമാണോ അതോ അതിലും അപകടകാരിയായ മറ്റേതെങ്കിലും ആണോ എന്നൊന്നും നമുക്ക്‌ വ്യക്തമല്ല. അത്‌ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ആരോഗ്യവകുപ്പിന്‍േറതാണ്‌.

വാക്‌സിനോ മരുന്നോ ഇല്ലാതെ ജീവിത ശൈലിയിലെ മാറ്റം കൊണ്ടു മാത്രം പലരാജ്യങ്ങളില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഏക അസുഖമാണ്‌ ഗിനിരോഗബാധ. കുടിവെള്ളം അരിച്ച്‌ ഉപയോഗിക്കുന്നതുകൊണ്ടു മാത്രം, ജീവനുവരെ ഭീഷണിയാകുന്ന ഈ രോഗബാധയെ നമുക്ക്‌ അകറ്റി നിര്‍ത്താന്‍ കഴിയും.

മനുഷ്യശരീരത്തില്‍ ഗിനിവിരയുടെ പ്രവര്‍ത്തനം

ശുദ്ധജലമില്ലാത്ത പ്രദേശങ്ങളിലാണ്‌ ഈ രോഗബാധയുണ്ടാകുന്നത്‌. ഗിനിവിരയുടെ ലാര്‍വകൊണ്ട്‌ മലിനമാക്കപ്പെട്ട വെള്ളം കുടിക്കുമ്പോള്‍ ഇവ നേരെ ശരീരത്തില്‍ കടക്കുന്നു. (100ഡിഗ്രി സെല്‍ഷ്യസില്‍ പോലും ജീവിച്ചിരിക്കുന്നതിനാല്‍, വെള്ളം തിളപ്പിച്ചാലും ഇവ നശിക്കില്ല) ആമാശയത്തിലെ അത്തിനും ഇവയെ നശിപ്പിക്കാനാവില്ല. ശരീരത്തില്‍ കടന്ന്‌ മൂന്നുമാസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാവുന്ന വിരകള്‍ ഇണചേരുന്നു. അതിനുശേഷം ആണ്‍ വിരയ്‌ക്ക്‌ എന്ത്‌ സംഭവിക്കുന്നു എന്ന്‌ വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടില്ല. ചില ശാസ്‌ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇണചേരലിനു ശേഷം ഇവ മരിച്ചുപോവുകയോ പെണ്‍വിര വിഴുങ്ങുകയോ ചെയ്യുന്നു. തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ ലാര്‍വകളെ ഉള്‍ക്കൊള്ളുന്ന പെണ്‍വിര ത്വക്കിനും മാംസത്തിനുമിടയിലാണ്‌ പ്രധാനമായും സ്ഥാനം പിടിക്കുക. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം മനുഷ്യശരീരം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പ്‌ തുടങ്ങും. ശരീരത്തില്‍ മുറിവുണ്ടാക്കി പുറത്തു കടക്കുകയാണ്‌ ഇവയുടെ രീതി. കാലോ പാദങ്ങളോ ആണ്‌ ഇതിനായി തിരഞ്ഞെടുക്കുക. അസഹനീയമായ വേദനയും കടുത്ത പുകച്ചിലുമാണ്‌ ഈ ഘട്ടത്തില്‍ ഈ ഭാഗത്ത്‌ അനുഭവപ്പെടുക. ഇതേ തുടര്‍ന്ന്‌ 24മുതല്‍ 72 മണിക്കൂറുകള്‍ക്കകം മുറിവുണ്ടാക്കി വിര പുറത്തുവരും.

അസഹനീയമായ പുകച്ചില്‍ നിമിത്തം ഈ സമയത്ത്‌ രോഗി കാലുകള്‍ കുളത്തിലോ മറ്റോ മുക്കിവെയ്‌ക്കും. അതോടെ പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍വിര ആയിരക്കണക്കിന്‌ മുട്ടകള്‍ വെള്ളത്തില്‍ നിക്ഷേപിക്കും. അങ്ങനെ വെള്ളം വീണ്ടും മലിനമാകും. രോഗബാധ, ശരീരത്തിന്‌ ഇതിനോട്‌ പ്രതിരോധ ശേഷി നല്‍കാത്തതിനാല്‍ ആളുകള്‍ക്ക്‌ തുടര്‍ച്ചയായി രോഗബാധയുണ്ടായിക്കൊണ്ടിരിക്കും. ഗിനിരോഗ ബാധയ്‌ക്ക്‌ വാക്‌സിനോ മരുന്നോ ഇല്ല. ശരീരത്തില്‍ നിന്ന്‌ വിരയെ പുറത്തെടുത്ത്‌ കളയുകയാണ്‌ ഒരു ചികിത്സാരീതി. പക്ഷേ, ഇതിന്റെ വേദന താങ്ങാന്‍ മിക്കരോഗികള്‍ക്കും കെല്‍പ്പുണ്ടാകില്ല. പുറത്തുകടക്കുമ്പോള്‍ വിരയുണ്ടാക്കുന്ന മുറിവില്‍ അണുബാധയ്‌ക്കുള്ള സാധ്യതയേറെയാണ്‌. മരണത്തിന്‌ തന്നെ കാരണമാകാവുന്ന തലത്തിലേക്ക്‌ ഈ അണുബാധ ചിലപ്പോള്‍ മാറാറുമുണ്ട്‌.

അല്‌പം ചരിത്രം

ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ്‌ ഗിനി വിരകള്‍ ഉള്ളത്‌. 1986ല്‍ ഇരുപത്‌ രാജ്യങ്ങളിലായി 3.5 മില്യണ്‍ ഗിനി രോഗബാധിതര്‍ ഉണ്ടായിരിക്കുന്നുവെന്നതാണ്‌ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. 2008 ജൂണില്‍ ഇത്‌ മാലിയിലും നാല്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലും മാത്രമായി ചുരുങ്ങി. ഇവിടങ്ങളില്‍ ഇപ്പോള്‍ പതിനായിരം രോഗികളുള്ളതായി കണക്കാക്കുന്നു

പാലക്കാട്ടും ഇടുക്കിയിലും

പാലക്കാട്‌ ജില്ലയിലെ അത്തിപ്പൊറ്റയിലും തോണിപ്പാടത്തും ഗിനി വിരകളെ കണ്ടതായാണ്‌ റിപ്പോര്‍ട്ട്‌. അത്തിപ്പൊറ്റയില്‍ ഡോ. രംഗനാഥമേനോന്റെ വീട്ടില്‍ മഴവെള്ളം ശേഖരിക്കാന്‍ വെച്ച വെള്ളത്തിലാണ്‌ വിരയെ കണ്ടത്‌. രാജസ്ഥാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഏറെക്കാലം സേവനമനുഷ്‌ഠിച്ചതിന്റെ അനുഭവത്തില്‍ നിന്ന്‌ കണ്ടത്‌ ഗിനി വിരയെന്ന ഉറപ്പിലാണ്‌ രംഗനാഥമേനോന്‍. അവിടെ രോഗികളുടെ ശരീരത്തില്‍ നിന്ന്‌ വിരകളെ പുറത്തെടുത്ത പരിചയവുമുണ്ട്‌ ഡോക്ടര്‍ക്ക്‌. ഇപ്പോള്‍ വിരകളെ കണ്ടെത്തിയ പ്രദേശത്ത്‌ ചില ആളുകള്‍ക്ക്‌ ത്വക്‌രോഗങ്ങള്‍ കണ്ടത്‌ തന്റെ സംശയം ബലപ്പെടുത്തുന്നുവെന്നും ഡോ. രംഗനാഥമേനോന്‍ പറയുന്നു. അത്തിപ്പൊറ്റയില്‍ കണ്ടതിന്‌ ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌ സമാനമായ വിരയെ തോണിപ്പാടത്തും കണ്ടത്‌.

കണ്ടത്‌ ഗിനി വിരയെത്തന്നെയാണെങ്കില്‍ ഗുരുതരമായ ഒരു പകര്‍ച്ചവ്യാധിയുടെ വക്കിലാണ്‌ നമ്മള്‍. അല്ലെങ്കില്‍, കണ്ടത്‌ ഏതു വിരയെയാണെന്നും അവ അപകടകാരിയാണോ എന്നും ആരോഗ്യവകുപ്പ്‌ കണ്ടെത്തുകയും ജനങ്ങളോട്‌വിശദീകരിക്കുകയും ചെയ്യേണ്ടതാണ്‌.

രോഗബാധ ഒഴിവാക്കാന്‍


  1. കഴിയുന്നതും ഭൂഗര്‍ഭജലം ഉപയോഗിക്കുക. കുഴല്‍ക്കിണറുകളിലെയോ സാധാരണ കിണറുകളിലെയോ ആവാം.

  2. കുടിവെള്ളം അരിച്ച്‌ ഉപയോഗിക്കുക.വെള്ളത്തില്‍ നൂലുണ്ട പോലെ കിടക്കുന്ന ഇവയെ കാണാനും വിഷമമില്ല. 75 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ്‌ നീളം.

  3. ശരീരത്തല്‍ നിന്ന്‌ പുറത്തുകടക്കാന്‍ വിരകള്‍ മുറിവുണ്ടാക്കിക്കഴിഞ്ഞാല്‍ കാലുകള്‍ വെള്ളത്തില്‍ മുക്കിവെക്കാന്‍ രോഗികളെ അനുവദിക്കരുത്‌.
ജി. നിര്‍മല
മാതൃഭുമി ദിനപത്രം
14.08.08 സണ്‍‌ഡേ

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP