Search This Blog

Friday, June 6, 2008

പാഷന്‍ ഫ്രൂട്ട്::‌പ്രലോഭനത്തിന്റെ പഴം


വീട്ടില്‍ ഒരു പാഷന്‍ ഫ്രൂട്ട്‌ ചെടിയുണ്ടായാല്‍ പുതുമയോടെ "ഗാര്‍ഡന്‍ ഫ്രഷായ ജ്യൂസ്‌ കുടിക്കാം.വള്ളി നട്ട്‌ സുഗമമായി വളര്‍ത്താവുന്ന ഫല സസ്യമാണിത്‌. വെയിലേല്‍ക്കുന്ന വിധത്തില്‍ പടര്‍ത്തി വിട്ടാല്‍ പ്രത്യേക പരിചരണം കൂടാതെ വളര്‍ന്ന്‌ ഇതു നന്നായി കായ്ക്കും.


ഭാരതത്തിനു പുറമേ ആഫ്രിക്ക, കെനിയ, ഓസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട്‌ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു.ഭാരതത്തില്‍ പഞ്ചാബ്‌,ഹരിയാന,നീലഗിരി, ആന്ധ്രയിലെ അരക്കും പള്ളി, തുടങ്ങിയ പ്രദേശങ്ങളില്‍ പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു. കേരളത്തില്‍ ഹൈറേഞ്ച്‌ പ്രദേശങ്ങളിലും ഇതു കൂടുതലായി കാണപ്പെടുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിലുള്ള "ഓറഞ്ച്‌ ആന്‍ഡ്‌ വെജിറ്റബ്ല്‌ ഫാമില്‍" കോണ്‍ക്രീറ്റ്‌ തൂണുകളില്‍ പടര്‍ത്തി പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു.

പാഷന്‍ ഫ്രൂട്ടില്‍ രണ്ടിനങ്ങളാണ്‌ സാധാരണം. പഴുക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള പഴങ്ങളുണ്ടാകുന്ന ഇനം സമതല പ്രദേശങ്ങള്‍ക്കും പര്‍പ്പിള്‍ നിറമുള്ളത്‌ ഹൈറേഞ്ചിനും യോജിച്ചതാണ്‌. ഈ രണ്ടിനങ്ങള്‍ തമ്മില്‍ സങ്കരണം നടത്തി 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ ' വികസിപ്പിച്ച ഇനമാണ്‌ 'കാവേരി". ഇതിന്റെ കായ്കള്‍ക്കു പര്‍പ്പിള്‍ നിറമാണ്‌. മജ്ജക്കു മധുരം കൂടുതലായിരിക്കും. ഫല മജ്ജയില്‍ 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില്‍ 40.8 മില്ലി ഗ്രാം അംളതയും ഉണ്ടാകും. ഇലപ്പുള്ളീ ,വേരുചീയല്‍ തുടങ്ങി ഫാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനമാണ്‌ കാവേരി.




മേയ്‌- ജൂണ്‍ മാസങ്ങളിലും സെപ്റ്റമ്പര്‍ ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട്‌ കായ്ക്കുന്നു. നട്ട്‌ ഒരു വര്‍ഷം മതി കായ്ക്കാന്‍. പുളിരസം കൂടിയതാണ്‌ പാഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജ. ഇതു പഞ്ചസാര ചേര്‍ത്ത്‌ നേരിട്ടും വെള്ളം ചേര്‍ത്തു ജ്യൂസാക്കിയും കുടിക്കുന്നു.




സ്ക്വാഷ്‌, കോര്‍ഡിയാല്‍, സിറപ്പ്‌. ജെല്ലി എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ നിന്ന്‌ ഉണ്ടാക്കാം. നെല്ലിയാമ്പതി ഫാം പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിച്ച്‌ സ്ക്വാഷ്‌ ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട്‌. 'ഫ്രൂട്ട്നെപ്പ്‌' എന്നാണിതിന്റെ ബ്രാന്‍ഡ്‌ നെയിം. വിറ്റാമിന്‍ C യും വിറ്റമിന്‍ A യും പഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജയില്‍ നല്ല തോതിലുണ്ടാവും. 100 ഗ്രാം പഷന്‍ ഫ്രൂട്ടില്‍ 25 മില്ലി ഗ്രാം വിറ്റാമിന്‍ Cയും 54 മൈക്രോ ഗ്രാം വിറ്റാമിന്‍ A യുമാണ്‌ കാണപ്പെടുക. കാര്‍ബോ ഹൈഡ്രേറ്റിന്റെ തോത്‌ 12.4 ഗ്രാമും മാംസ്യത്തിന്റേത്‌ 0.9 ഗ്രാമുമാണ്‌. 60 മില്ലി ഗ്രാം ഫോസ്ഫറസ്‌ ,10 മില്ലി ഗ്രാം കാല്‍സ്യം, 189 മില്ലി ഗ്രാം പൊട്ടാസ്യം, 15 മില്ലിഗ്രാം സോഡിയം, 2 മില്ലിഗ്രാം ഇരുമ്പ്‌ എന്നിവയിലുണ്ടാവും.


ഒൌ‍ഷധമേന്‍മയും ഈ ഫലത്തിനുണ്ട്‌. ഇതിലുള്ള ഘടകങ്ങള്‍ക്ക്‌ ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയെ കുറക്കാനാവും. പാഷന്‍ ഫ്രൂട്ട്‌ ജ്യൂസ്‌ പുരാതന കാലം മുതല്‍ ഉറക്കകുറവിനുള്ള ഒൌ‍ഷധമായി ഉപയോഗിക്കുന്നു. അമേരിക്കയില്‍ 19 നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നാഡീസംഘര്‍ഷത്തിന്റെയും ആമാശയത്തിലെ കോച്ചിപിടുത്തത്തിന്റെയും ചികിത്സക്ക്‌ പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ നിന്നുണ്ടാക്കുന്ന ഒൌ‍ഷധങ്ങള്‍ യൂറോപ്പില്‍ ആകാംക്ഷാരോഗത്തിന്റെ ചികിത്സക്ക്‌ ഉപയോഗിച്ചു പോരുന്നു. ശരീരകോശങ്ങള്‍ക്ക്‌ ഓജസ്സ്‌ പകരുന്ന നിരോക്സീകാരികളുടെ നല്ല ശേഖരവുമാണ്‌ പാഷന്‍ഫ്രൂട്ട്‌.


ജി.ഉണ്ണികൃഷ്ണന്‍ നായര്‍
മലയാള മനോരമ 2002 ജൂലൈ 14 ഞായര്‍

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP