ഹബീബ് അഴീക്കോട്
എന്താണ് പേവിഷ ബാധ ?
കേന്ദ്ര നാഡീവ്യൂഹത്തെ നശിപ്പിക്കുന്ന മാരകമായ ഒരു വൈറസ് രോഗമാണ് പേവിഷബാധയെന്ന് (RABIES) സമാന്യമായി പറയാം. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നൊക്കെ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും ഏഷ്യാ
വാന്‍ കരയില്‍ ഇന്നും ഇത് വാന്‍ ഭീഷണി ആയി നിലനില്‍ക്കുന്നു. വര്‍ഷാ വര്‍ഷം മൂന്ന് ദശലക്ഷം ഏഷ്യക്കാര്‍ക്ക് പേപ്പട്ടികളുടെയും പേവിഷ ബാധയുള്ള മറ്റ് ജന്തുക്കളുടെയും കടിയേല്‍ക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. പേവിഷ ബാധ കാരണം വര്‍ഷം തോറും മരണമടയുന്ന ഇന്ത്യക്കാരുടെ സംഖ്യ മുപ്പതിനായിരത്തോളമാണേന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. സംശയിക്കേണ്ട ഇക്കാര്യത്തിലും ലോക റെക്കോര്‍ഡ് നമുക്ക് തന്നെയാണ്.
ഒരു മൃഗത്തിന് പേ ബാധിച്ചിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
ഭ്രാന്ത് പിടിച്ചതു പോലെ ലക്ഷ്യമില്ലാതെ പാഞ്ഞ് നടക്കുക., ശ്വസനത്തിന് പ്രയാസമുള്ളതായി തോന്നിക്കുക, കാരണം കൂടാതെ ആക്രമണ ത്വര കാണിക്കുക, കണ്ടതിനെയൊക്കെ കടിക്കുക ഇതൊക്കെ പേ ബാധയുടെ ലക്ഷണങ്ങളാണ്. പട്ടി കടിയേറ്റാല്‍ കടിച്ച പട്ടി ഏതെന്ന് കണ്ടു പിടിക്കുകയും നിരീക്ഷണ വിധേയമാക്കുകയും ചെയ്യണമെന്നത് പരമ പ്രധാനമാണ്.. രണ്ടാഴ്ച കഴിഞ്ഞിട്ടും പട്ടി പൂര്‍ണാരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു പേവിഷ ബാധയില്ലെന്ന് ഉറപ്പാക്കാമെന്ന് വൈദ്യ ശാസ്ത്രഗവേഷകര്‍ പറയുന്നു.
പേവിഷ ബാധയേറ്റ ഒരാളില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ആഴ്ചകള്‍ക്കു ശേഷമോ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമോ ആയിരിക്കും. കടിയേറ്റുണ്ടാകുന്ന മുറിവിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് നാഡീ ഞരമ്പുകളിലൂടെ കേന്ദ്ര നാഡീവ്യൂഹത്തില്‍ എത്തിച്ചേരുകയും പിന്നീട് മൂന്നു മാസത്തോളം സ്വന്തം സാന്നിദ്ധ്യത്തിന്റെ ഒരു ലക്ഷണവും പുറത്ത് കാണിക്കാതെ അവിടെ അടയിരിക്കുകയും (INCUBATING) ചെയ്യുന്നു. ഈ ഇന്‍കുബേഷന്റെ അവസാന ഘട്ടത്തില്‍ പേവിഷ ബാധയുടെ ഹേതുക്കളായ വൈറസുകള്‍ പെട്ടെന്ന് പെരുകുകയും തലച്ചോറിലേക്കും സകല ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.
അതോടെ രോഗിയില്‍ പനി, തലവേദന ,ഓക്കാനം , ചുമ എന്നിവ പ്രത്യക്ഷപ്പെടുന്നു. രണ്ടു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ രോഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തുന്നു. രോഗി ആകെ അസ്വസ്ഥനാവുന്നു. അയാളില്‍ ഉദ്വേഗവും ഉന്‍മാദവും പ്രത്യക്ഷപ്പെടുന്നു.. വായില്‍ ഉമിനീര്‍ നിറയുന്നു. ചിലപ്പോള്‍ വെള്ളത്തോട് പേടി കാണിക്കുകയും ചെയ്യും. (പേവിഷ ബാധക്ക് ഹൈഡ്രോ ഫോബിയ - HYDRO FOBIA- എന്ന പേര് കൊടുത്തത് രോഗികളില്‍ പ്രത്യക്ഷമാവുന്ന ജലഭയത്തെ അടിസ്ഥാനമാക്കിയാണ്. രോഗികളില്‍ ആറില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഈ ജലഭയം കാണാറുള്ളത്). ഒടുവില്‍ വൈറസ് തലച്ചോറിനേയും കേന്ദ്ര നാഡീവ്യൂഹത്തിനെയും കീഴടക്കുന്നു. അതോടെ രോഗി ബോധരഹിതനാവുന്നു. മരണം വന്നണയാന്‍ പിന്നെ താമസമില്ല.
പട്ടിയുടെയോ കുറുക്കന്റെയോ കടിയേറ്റാല്‍ നാം എന്തു ചെയ്യണം ?
വെള്ളവും സോപ്പുമുപയോഗിച്ച് മുറിവ് നന്നായി കഴുകുകയാണ് ആദ്യം വേണ്ടത്. പിന്നീട് അയഡിനോ , ബെറ്റഡൈനോ പോലുള്ള അണുനാശകൌഷധം പുരട്ടാം. കുത്തിവെപ്പ് വേണ്ടിവന്നേക്കമെന്നത് കൊണ്ട് താമസിയാതെ വൈദ്യ സഹായം തേടണം.ആന്റി ബോഡികള്‍ക്ക് വളരുന്നതിനും വൈറസുകളെ അവയുടെ ഇന്‍കുബേഷന്‍ ഘട്ടം അവസാനിക്കും മുന്‍പ് നശിപ്പിക്കുന്നതിനും വേണ്ട സാവകാശം കിട്ടത്തക്ക വിധത്തില്‍ വൈകാതെ കുത്തി വെപ്പ് എടുക്കേണ്ടതുണ്ടന്നോര്‍ക്കുക.
വൈറസ് ഒരിക്കല്‍ തലച്ചോറില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആന്റി ബോഡികള്‍ക്ക് ഒന്നും ചെയ്യാനാവില്ല.- വൈദ്യശാസ്ത്രം ഓര്‍മിപ്പിക്കുന്നു.
പട്ടികള്‍ മാത്രമല്ല പേവിഷബാധക്ക് ഹേതുവാകുന്നത്. മുയല്‍, അണ്ണാന്‍, പൂച്ച, എലി , കുറുക്കന്‍, നരിച്ചീര്‍ തുടങ്ങിയ ജന്തുക്കളും രോഗ കാരണകാരികളാകാം. അതിനാല്‍ മേല്‍ സുചിപ്പിച്ച ജന്തുക്കള്‍ കടിക്കുകയോ മാന്തുകയോ മറ്റോ ചെയ്താലും പെട്ടെന്ന് വൈദ്യോപദേശം തേടേണ്ടിയിരിക്കുന്നു.
good
ReplyDeleteഏറെ വിജ്ഞാനപ്രദം.
ReplyDeleteനന്ദി!
ഇതൊന്നു കാണാമോ
http://swaasthyam.blogspot.com/