Search This Blog

Sunday, August 14, 2011

ആസ്ത്മ തടയാന്‍ ഫലപ്രദമാര്‍ഗം വരുന്നു

ലണ്ടന്‍: വൈകിയുണ്ടാകുന്ന ആസ്ത്മയുടെ ചികിത്സയ്ക്കുള്ള ഫലപ്രദമായ മാര്‍ഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അലര്‍ജിമൂലമുള്ള രോഗത്തിന് കാരണമായ നാഡീപ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിലൂടെ രോഗശാന്തി നേടാമെന്നാണ് ബ്രിട്ടനിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണമാണ് ഇതിലേക്ക് നയിച്ചത്.

അലര്‍ജി മൂലമുള്ള ആസ്ത്മ രണ്ടു തരമുണ്ട്. അലര്‍ജിയുണ്ടാക്കുന്ന വസ്തുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ചിലരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതു
ടങ്ങും. എന്നാല്‍ ചിലരില്‍ മൂന്നു മുതല്‍ ഒമ്പത് വരെ മണിക്കൂറുകള്‍ക്കു ശേഷം മിക്കവാറും രാത്രിസമയത്താണ് രോഗം മൂര്‍ച്ഛിക്കുക. അലര്‍ജിയുണ്ടാകുമ്പോള്‍ ശ്വാസനാളത്തിലെ നാഡികള്‍ ശ്വാസനാളത്തിന് സങ്കോചിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് ആസ്ത്മയുണ്ടാകാനുള്ള കാരണം.

പൊടിയും മറ്റും നാഡികളിലുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ അസെറ്റില്‍കോളിന്‍ എന്ന രാസപദാര്‍ഥം ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഈ രാസപദാര്‍ഥത്തിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് ശ്വാസനാളം ചുരുങ്ങുന്നത്. അസെറ്റില്‍കോളിനെ തടയുന്നതു വഴി ശ്വാസനാളം സങ്കോചിക്കുന്നത് തടയാമെന്നാണ് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയത്. ആന്‍റികോളിനെര്‍ജിക് എന്ന രാസവസ്തുവാണ് ഇതിന് ഉപയോഗിക്കുന്നത്.

മനുഷ്യരില്‍ ആന്‍റികോളിനെര്‍ജിക്കുകളടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതിലൂടെ അസെറ്റില്‍കോളിന്റെ ഉത്പാദനം പ്രതിരോധിക്കാമെന്നും അങ്ങനെ ആസ്ത്മയെ ചെറുക്കാമെന്നുമാണ് തൊറക്‌സ് എന്ന ശാസ്ത്ര വാരികയിലെഴുതിയ ലേഖനത്തിലൂടെ ഗവേഷകര്‍ വ്യക്തമാക്കിയത്. എന്നാല്‍ അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ നാഡികളിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇനിയും പഠിക്കാനുണ്ടെന്ന് മുഖ്യഗവേഷകയായ പ്രൊഫ. മരിയ ബെല്‍വിസി പറയുന്നു.

Mathrubhumi Health
14.08.2011

1 comment:

  1. ഇതില്‍ പറഞ്ഞിരിക്കുന്നത് ഈ ലിങ്കില്‍ കാണുന്ന പഠനത്തെ പറ്റി തന്നെയാണോ...... http://thorax.bmj.com/content/early/2011/05/23/thx.2010.158568.long

    ReplyDelete

പിന്തുടരുന്നവര്‍

Back to TOP