Search This Blog

Sunday, June 28, 2009

ദന്തപ്പാല : സോറിയാസിസിന്‌ പ്രതിവിധി

ദന്തപ്പാല : സോറിയാസിസിന്‌ പ്രതിവിധി
ഡോ. വി ആര്‍ ബാഹുലേയന്‍
കുടുംബ മാധ്യമം -2004 സെപ്റ്റമ്പര്‍ 28


ലയില്‍ ചൊറിച്ചിലും തടിപ്പും ചിതമ്പലുകള്‍: പോലുള്ള പൊടിയും ഉണ്ടാകുമ്പോള്‍ പലരും കരുതുക താരനെന്നാണ്‌. പല പൊടിക്കൈകളും കുറുക്ക്‌ വഴികളും പറഞ്ഞ്‌ കേട്ടുള്ള ചികിത്സാ മുറകളും ആകും ആദ്യം സ്വീകരിക്കുക. എന്നാല്‍ രോഗ ലക്ഷണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ പടരുമ്പോഴാണ്‌ പലരും ഡോക്ടറെ സമീപിക്കുന്നത്‌. അപ്പോഴാണ്‌ രോഗം സോറിയാസിസ്‌ ആണെന്ന്‌ അറിയുക.

ത്വക്ക്‌ രോഗങ്ങളില്‍ ഏറെ വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്‌ സോറിയാസിസ്‌ . ആയുര്‍വേദ ഡോക്ടര്‍മാര്‍ ഈ രോഗത്തെ "സിദ്ധ്മം" എന്നാണ്‌ വിളിക്കുന്നത്‌.അപഥ്യങ്ങളും വിരുദ്ധങ്ങളായ ആഹാര പാനീയങ്ങളുടെ അമിതമായ ഉപയോഗം ഈ രോഗം ക്ഷണിച്ചു വരുത്തും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും കര്‍ശനമായി പാലിക്കാതിരിക്കുന്നതും വഴി തെറ്റിയുള്ള ജീവിതവും സോറിയാസിസിന്‌ കാരണമാവും.

ത്രിദോഷങ്ങള്‍ (വാതം-പിത്തം-കഫം) ദുഷിച്ച്‌ സിരകളില്‍ എത്തി രക്തം, മാംസം, ത്വക്ക്‌ എന്നിവയെ ദുഷിപ്പിക്കുകയും തൊലിക്ക്‌ നിറമാറ്റം ഉണ്ടാക്കുകയും ചെയ്യും. രോഗാരംഭത്തില്‍ ചര്‍മം ചുവന്ന്‌ തടിക്കുകയും താമസംവിനാ മത്സ്യചെതുമ്പലുകള്‍ പോലെ പുറം ഭാഗം മൂടിയിരിക്കുകയും ചെയ്യും .രോഗം പഴകും തോറും കൈകാലുകള്‍, തുടകള്‍ എന്നിവിടങ്ങളിലെ തൊലി വിണ്ടു കീറും. രോഗി മാനസികമായി തകരും. ഏതോ മാറാരോഗത്തിന്റെ പിടിയിലാണ്‌ താനെന്ന ചിന്ത രോഗിയെ തളര്‍ത്തും. തലയില്‍ തുടങ്ങി ക്രമേണ കാലുകളിലേക്കും പിന്നീട്‌ മുട്ടുകളിലേക്കും തുടര്‍ന്ന്‌ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരും. വട്ടത്തില്‍ കാണുന്ന തടിച്ച പാടുകളുടെ പുറം ഭാഗം കഠിനവും ഉള്‍ഭാഗം മൃദുലവുമായിരിക്കും. രോഗം പഴകിയാല്‍ രോഗിയുടെ കൈകാലുകളിലെ നഖങ്ങള്‍ വികൃതമായി കാണപ്പെടും. ആരംഭത്തില്‍ വിദഗ്ധ ചികിത്സ തേടിയാല്‍ രോഗം സുഖമാവും. ഈ രോഗം പഴകും തോറും വിട്ടുമാറാന്‍ സമയമെടുക്കും. എന്നാല്‍, ഈ രോഗം പകര്‍ച്ചവ്യാധി അല്ല.
ആയുര്‍വേദത്തില്‍ ഇതിന്‌ ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്‌. ദന്തപ്പാല സോറിയാസിസിന്‌ ഇന്ന്‌ ലഭിക്കാവുന്നതില്‍ ഏറ്റവും ഫലപ്രദമായ ഔഷധമാണ്‌. റൈറ്റിയ ടിങ്ങ്ടോറി (WRIGHTIA TINGTORIA) എന്നെ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ഔഷധം അപ്പോസൈനേസി (APPOSINESI) കുടുംബത്തില്‍ പെട്ടതാണ്‌.വെണ്‍പാല, വിട്പാല, വെട്ടുപാല എന്നീ പേരുകളില്‍ ഇത്‌ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടും. മലമ്പുഴ, പീച്ചിവനം, വാഴച്ചാല്‍, ആതിരപ്പള്ളി വനം എന്നിവിടങ്ങളില്‍ ഇത്‌ കാണാം. കണ്ണൂര്‍ ജില്ലയില്‍ വനങ്ങളില്‍ മാത്രമല്ല വീടുകളുടെ വേലിയരികിലും ഇത്‌ സമൃദ്ധമായി കാണാം.

വിഷചികിത്സാ വിദഗ്ദന്‍മാര്‍ ഇതിനെ 'ചര്‍മരോഗ സംഹാരി' എന്നാണ്‌ വിളിക്കുന്നത്‌. ദന്തപ്പാലയില കൊണ്ട്‌ ശാസ്ത്രീയമായി തയ്യാറാക്കുന്ന വെളിച്ചെണ്ണ സോറിയാസിസിന്‌ വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്‌. വട്ടച്ചൊറി, ചിരങ്ങ്‌ , ചിലന്തിവിഷം, തൊലിപ്പുറത്തുണ്ടാകുന്ന നിറഭേദങ്ങള്‍, തടിപ്പ്‌, ചൊറിച്ചില്‍ തുടങ്ങി വിഷജന്യങ്ങളായ അനേകം ത്വക്ക്‌ രോഗങ്ങള്‍ക്കും ഇത്‌ ഉത്തമ ഔഷധമാണ്‌.
ദന്തപ്പാലയുടെ തൊലിയും വേരും കഷായം വെച്ചും ഇല ഗുളികരൂപത്തിലാക്കിയും ചില വൈദ്യന്‍മാര്‍ രോഗികള്‍ക്ക്‌ നല്‍കാറുണ്ട്‌. ഇത്‌ കൊണ്ട്‌ തയ്യാറാക്കുന്ന വെളിച്ചെണ്ണ അകത്തേക്ക്‌ സേവിക്കാനും കൊടുക്കാറുണ്ട്‌. അകത്തേക്ക്‌ സേവിക്കുമ്പോള്‍ കര്‍ശനമായ പഥ്യം അനുഷ്ടിക്കേണ്ടതാണ്‌. മത്സ്യം, മാംസം, കോഴിമുട്ട, കോഴി ഇറച്ചി, ഉണക്ക മത്സ്യം, പുകവലി, മദ്യപാനം ഇവ പുര്‍ണ്ണമായി ഉപേക്ഷിക്കണം. മുളക്‌, പുളി, ഉപ്പ്‌ ഇവ പരമാവധി കുറക്കണം.

ഇതിന്റെ ഇല പറിച്ചെടുത്ത്‌ വാടാതെ അന്നു തന്നെ കൈകൊണ്ട്‌ കീറി (കത്തി കൊണ്ട്‌ അരിയരുത്‌) ഒരു പരന്ന പാത്രത്തില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലിട്ട്‌ തുടര്‍ച്ചയായി ഏഴുദിവസം വെയിലു കൊള്ളിക്കണം. എട്ടാം ദിവസം ഇല നീക്കി വെളിച്ചെണ്ണ സൂക്ഷിച്ചു വെക്കുക. ഈ വെളിച്ചെണ്ണ പലവട്ടം സോറിയാസിസ്‌ ഉള്ള ഭാഗങ്ങളില്‍ തൊട്ടു പുരട്ടണം. അത്ഭുതകരമായ മാറ്റം ഉണ്ടാകും.
ശരിയായ ഔഷധപ്രയോഗത്തിലൂടെയും ചിട്ടയായ ജീവിതചര്യയിലൂടെയും രോഗം വീണ്ടും ആവര്‍ത്തിക്കുന്നത്‌ തടയാന്‍ കഴിയും.

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP