Search This Blog

Wednesday, June 25, 2008

വാഴപ്പഴത്തിന്റെ സവിശേഷതകള്‍

വാസ്തവത്തില്‍ വാഴപ്പഴത്തിന്റെ മഹാത്മ്യം എത്ര മാത്രം വലുതാണെന്ന്‌ അതു കഴിക്കുന്നവര്‍ക്കറിയില്ല. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒന്നുപോലെ പോഷണവും ആരോഗ്യവും പ്രധാനം ചെയ്യുന്ന വാഴപ്പഴത്തില്‍ ജീവകങ്ങളും ധാതുക്കളും ധാരാളമായി കാണപ്പെടുന്നു. ജീവകം- എ, ജീവകം- സി, തയാമിന്‍, നിയാസിന്‍, റിബോഫ്ലേവിന്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്‌, സള്‍ഫര്‍ തുടങ്ങിയ പ്രധാന ധാതുക്കളെല്ലാം ഇവയില്‍പ്പെടും.

വാഴപ്പഴത്തില്‍ പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ്‌ പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്‌. പുഴുങ്ങി തരിയില്ലാതാക്കിയ ഖരഭക്ഷണമായ വാഴപ്പഴമാണല്ലോ ശിശുക്കള്‍ക്ക്‌ ആദ്യമായി നിര്‍ദേശിക്കപ്പെടുന്ന ഭക്ഷണം തന്നെ. കുട്ടികളുടെ വളര്‍ച്ചയില്‍ ശക്തിദായകവും സൌകര്യപ്രദവുമായ പങ്കാണത്രേ വാഴപ്പഴം വഹിക്കുന്നത്‌. മലബന്ധം, ദഹനക്കേട്‌ തുടങ്ങിയവയാല്‍ വിഷമിക്കുന്ന വ്യക്തികള്‍ക്ക്‌ ഒരാശ്വാസമാണ്‌ വാഴപ്പഴം. പ്രമേഹ രോഗികള്‍ മറ്റു പഴങ്ങള്‍ക്ക്‌ പകരം അധികം പഴുക്കാത്ത വാഴപ്പഴം ഭക്ഷിക്കുന്നതാണ്‌ ഉത്തമം.


പഴങ്ങളിലെ പഞ്ചസാര സാധാരണ മധുരപലഹാരങ്ങളിലെ പഞ്ചസാരയേക്കാള്‍ വേഗത്തില്‍ ദഹിക്കുന്നതും ഉപയോഗപ്രദവുമായതിനാല്‍ വാഴപ്പഴം അവര്‍ക്കൊരു അനുഗ്രഹമാണ്‌. പ്രായമോ ആരോഗ്യസ്ഥിയോ പരിഗണിക്കാതെ ആര്‍ക്കുവേണമെങ്കിലും വാഴപ്പഴവും പച്ചക്കായയും ഉപയോഗിക്കാം. പഴമായിട്ടോ സാലഡില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നത്‌ കൂടാതെ പച്ചക്കായ കൊണ്ട്‌ പലതരം വിഭവങ്ങള്‍ ഉണ്ടാക്കിയും ഉപയോഗിക്കാം.


വണ്ണം കുറക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വാഴപ്പഴം നല്ലൊരു ലഘുഭക്ഷണമാണ്‌. നല്ല ഘനമുള്ളതിനാല്‍ ഇതു ഭക്ഷണാര്‍ത്തിയെ തൃപ്തിപ്പെടുത്തുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യുന്നു.ഒരു വാഴപ്പഴത്തില്‍ 88 കലോറി ഊര്‍ജ്ജം മാത്രമേ കാണുകയുള്ളു. മറ്റ്‌ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്‌. വാഴപ്പഴത്തിലെ പഞ്ചസാരയുടെ പെട്ടെന്ന്‌ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജം വിശപ്പിനെ മാറ്റി ധാതുക്കളും ജീവകങ്ങളും പ്രധാനം ചെയ്യുന്നു. ഉപ്പു കുറക്കേണ്ട രോഗികള്‍ക്ക്‌ വാഴപ്പഴം നല്ലതാണ്‌. ഉപ്പു കുറച്ചാല്‍ ടിഷ്യുക്കളില്‍ ദ്രാവകം സംഭരിക്കപ്പെടുന്നത്‌ കുറയും. ഹൃദ്രോഗികളും അമിത രക്തസമ്മര്‍ദ്ധമുള്ളവരും വാഴപ്പഴത്തിലെ ഉപ്പിന്റെ അഭാവത്തില്‍ സന്തുഷ്ടരാണ്‌. അധികമുള്ള ദ്രാവകങ്ങളെ ബഹിഷ്കരിക്കാന്‍ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ക്ക്‌ സഹായകമായ വിധത്തില്‍ ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.


അലര്‍ജി രോഗികള്‍ക്ക്‌ തകരാറുണ്ടാക്കാത്ത ഒരു വിഭവം കൂടിയാണ്‌ വാഴപ്പഴം. ഗ്യാസ്‌ ട്രബിള്‍, ആന്തര വൃണം തുടങ്ങിയ ആമാശയത്തകരാറുകള്‍ക്ക്‌ പാലും പഴവും മുഖ്യമായ ലഘുഭക്ഷണമാണ്‌ ഉചിതം. വലിയ അരിയും നാരുമില്ലാത്തതിനാല്‍ ശൂന്യശിഷ്ടം കുറവുള്ള ഒന്നത്രേ ഇത്‌.അത്‌ കൊണ്ടാണ്‌ മിഠായികള്‍ക്കും ംറ്റു മധുര പലഹാരങ്ങള്‍ക്കും പകരം കുട്ടികള്‍ വാഴപ്പഴം തിന്നണമെന്ന്‌ ദന്ത ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിക്കുന്നത്‌. കുട്ടികളുടെ മധുരതൃഷണതയെ തൃപ്തിപ്പെടുത്തുക മാത്രമല്ല ദന്തദ്രവത്വം നിരോധിക്കുക കൂടിയാണ്‌ വാഴപ്പഴം ചെയ്യുന്നത്‌. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പെട്ടെന്ന്‌ ദഹിക്കുകയും ശരീരോര്‍ജ്ജമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.


ക്ഷാരഗുണമുള്ളതിനാല്‍ ശരീരത്തിന്റെ രാസനില പരിരക്ഷിക്കാന്‍ കൂടി വാഴപ്പഴ്ത്തിനു കഴിയുന്നു. കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ ധമനീകാഠിന്യമുള്ള രോഗികള്‍ക്കും വാഴപ്പഴം ധാരാളമായി കഴിക്കാം. കൊഴുപ്പിന്റെ അംശം വളരെ കുറച്ച്‌ മാത്രമുള്ള ഇത്‌ ഒരു സര്‍വ്വരോഗസംഹാരി എന്ന പേരില്‍ കൂടി അറിയപ്പെടുന്നു. സാധരണക്കാര്‍ക്കും വലിയ ബുദ്ധിമുട്ട്‌ ഇല്ലാതെ വാങ്ങാന്‍ കഴിയുന്ന തേന്‍ കിനിയുന്ന ഈ കനിയെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ വിഭവമാക്കുന്നതാണ്‌ ഏറെ പ്രയോജനകരം.

റവ. ജോര്‍ജ്ജ്‌ മാത്യു പുല്‍പള്ളി.
4 comments:

 1. വാഴപ്പഴത്തില്‍ പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ്‌ പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്‌.
  Right? Lastyear in Wayanad three of a family died after eating Banana,says the pesticide poison from Banana.

  ReplyDelete
 2. ഇത്രയും മാഹാത്മ്യം വാഴപ്പഴത്തിനുണ്ടോ. ഫ്യൂരഡാന്‍ എന്ന കൊടിയ വിഷം വാഴക്ക്‌ വളമായി ഉപയോഗിക്കുന്നുണ്ട്‌ എന്ന കാര്യം ഓര്‍ക്കുന്നത്‌
  നല്ലത്‌.ലേഖനം ഇഷ്ടപ്പെട്ടു. നന്ദി

  ReplyDelete
 3. വ്യക്ക രോഗികൾ പുഴുങ്ങി മാത്രം കഴിക്കുക

  ReplyDelete

പിന്തുടരുന്നവര്‍

Back to TOP