Search This Blog

Friday, June 13, 2008

ആപ്പിള്‍ വിശേഷം

"റോസേസി" സസ്യകുലത്തിലെ ഒരംഗമായ ആപ്പിള്‍ ലോക പ്രസിദ്ധമായ ഫലവും ഫലവൃക്ഷവുമാണ്‌. ശാസ്ത്ര നാമം "പൈറസ്‌ മാലസ്‌". ആപ്പിളിന്റെ ജന്‍മദേശം കിഴക്കന്‍ യൂറോപ്പും പടിഞ്ഞാറന്‍ ഏഷ്യയുമാണ്‌. ഇന്ത്യയില്‍ പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌, ഹിമാജല്‍ പ്രദേശ്‌, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രധാനമായും ആപ്പിള്‍ കൃഷി ഉള്ളത്‌. 12 മീറ്റര്‍ വരെ ഉയരം വെക്കുന്ന ആപ്പിള്‍ മരത്തിന്റെ ആയുസ്‌ 200 വര്‍ഷമാണ്‌. ലോകവ്യാപകമായി പ്രതിവര്‍ഷം ഏകദേശം 170-180 ടണ്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കപ്പെടൂന്നു. ഇതില്‍ പകുതിയും പഴമായി ഭക്ഷിക്കപ്പെടുന്നു. ശേഷിക്കുന്നവ ആപ്പിള്‍ ബട്ടര്‍, ആപ്പിള്‍ ജ്യൂസ്‌, ആപ്പിള്‍ സോസ്‌, ആപ്പിള്‍ ജെല്ലി, ആപ്പിള്‍ മദ്യം, ആപ്പിള്‍ വിനാഗിരി, ആപ്പിള്‍ വീഞ്ഞ്‌ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനാണ്‌ ഉപയോഗിക്കുന്നത്‌.


ആപ്പിള്‍ മരം ഏറ്റവും നന്നായി വളരുന്നത്‌ സമശീതോഷ്ണ മേഖലകളിലാണ്‌. പൌരാണിക കാലം മുതല്‍ക്ക്‌ തന്നെ ആപ്പിള്‍ കൃഷി ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തിന്റെ പടയോട്ടങ്ങളാണ്‌ ആപ്പിള്‍: കൃഷി ഇംഗ്ലണ്ടിലേക്കും യൂറോപ്പിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചത്‌. ആദിമ അമേരിക്കന്‍ കൂടിയേറ്റക്കാരാണ്‌ ആപ്പിള്‍ വിത്തുകളും ആപ്പിള്‍ മരങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയില്‍ എത്തിച്ചത്‌. വലിപ്പത്തിലു നിറത്തിലു രുചിയിലും ആവശ്യമുള്ള ആപ്പിളിന്റെ നിരവധി ഇനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌.


ആപ്പിളിന്റെ വിളവെടുപ്പ്‌ വരണ്ട കാലാവസ്ഥയിലാണ്‌. പുതിയ മുളകള്‍ക്കും അവയിലെ ഇലകള്‍ക്കും ക്ഷതമേല്‍ക്കാതെ വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണിത്‌. ആപ്പിള്‍ നന്നായി പഴുക്കുമ്പോള്‍ അതിനെ അല്‍പമൊന്നു തിരിച്ചാല്‍ കൊമ്പില്‍ നിന്നു എളുപ്പം പറിഞ്ഞു പോരും. ഞെട്ട്‌ ആപ്പിളില്‍ നിന്നും പറിഞ്ഞു പോവാതെ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്‌. കാരണം ഞെട്ടിന്റെ അഭാവം ആപ്പിളിനെ ക്ഷതപ്പെടുത്തുകയും ആയുസ്സ്‌ കുറക്കുകയും ചെയ്യും. താമസിച്ച്‌ പഴുക്കുന്ന ഇനങ്ങളെ കാലാവസ്ഥ അനുകൂലമാവുന്നതു വരെ കാത്തിരുന്ന ശേഷമാണ്‌ പറിക്കുക. ശൈത്യകാലത്ത്‌ ആപ്പിള്‍ മരത്തില്‍ കിടന്ന്‌ തണുത്തുറയുന്ന അവസ്ഥ ഉണ്ടാകുന്നത്‌ കൊണ്ട്‌ തണൂപ്പ്‌ മാറുന്നത്‌ വരെ വിളവെടുപ്പ്‌ മാറ്റി വെക്കുന്നു. വെള്ളം ഐസാകുന്ന താപനിലയേക്കാള്‍ ഏതാനും ഡിഗ്രി വരെ താഴ്ന്ന ഊഷ്മാവ്‌ താങ്ങുവാന്‍ ആപ്പിളിനു കഴിയും.
ആപ്പിളിന്റെ വളരെ ശ്രദ്ധേയമായ സവിശേഷത പറിച്ചു വെച്ചാലും അത്‌ ശ്വസിക്കുന്നുവെന്നതാണ്‌. വായുവില്‍ നിന്ന്‌ അവ ഓക്സിജനെ ആഗിരണം ചെയ്യുകയും കാര്‍ബണ്ഡൈ ഓക്സൈഡിനേയു ജലത്തെയും പുറത്ത്‌ വിടുകയും ചെയ്യുന്നു. ഇതുമൂലം ചുറ്റുപാട്‌ എത്ര ചൂടുള്ളതായിരിക്കുമോ അത്രയും വേഗത്തില്‍ അവ ഉണങ്ങി ചുരുങ്ങാന്‍ തുടങ്ങുന്നു. ശ്വസനത്തിനിടയില്‍ ചുറ്റുപാടുമുള്ള മണവും അവ ആഗിരണം ചെയ്യുന്നു. ഇത്‌ ആപ്പിളിന്റെ തനതായ വാസനകള്‍ നഷ്ടപ്പെടാനിടവരുത്തുന്നു. അതു കൊണ്ട്‌ ആപ്പിളിന്റെ ഓരോ ഇനവും തനിച്ച്‌ സൂക്ഷിക്കുന്നതാണ്‌ ഉത്തമം. ഓരോ ആപ്പിളും കടലാസില്‍ പൊതിയുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇത്‌ ജലബാഷ്പീകരണം കുറക്കുകയും ആയുസ്സ്‌ വര്‍ധിപ്പിക്കുകയും ചെയ്യും.

" ഡോക്ടറെ അകറ്റിനിര്‍ത്തണോ. ദിവസവുല്‍ ഒരു ആപ്പിള്‍ കഴിക്കൂ! "എന്ന ഒരു ഇംഗ്ലീഷ്‌ പഴമൊഴി ഉണ്ട്‌. പോഷകസംഋദ്ധമായതു കൊണ്ടാണ്‌ ആപ്പിളിനു ഇങ്ങനെ ഒരു വിശേഷണം ഉണ്ടായത്‌. ഓരോ ആപ്പിളും പ്രാധാനപ്പെട്ട പോഷക വസ്തുക്കളുടെ ഒരു ചെറിയ കലവറ തന്നെയെന്നു പറയാം. പഴുത്ത ആപ്പിളില്‍ വിറ്റാമിന്‍ B1, B2, B6, C, E എന്നിവ അടങ്ങിയിരിക്കുന്നു. ഡെക്സ്ട്രോസ്‌ , ഫ്രക്ട്രോസ്‌, സുക്രോസ്‌ എന്നിങ്ങനെയുള്ള വ്യത്യസ്ഥ ഇനം പഞ്ചസാരയും ആപ്പിള്‍ പ്രധാനം ചെയ്യുന്നു. ഇതിലെ അംളങ്ങളുടെ സംയോഗമാണ്‌ വാസനക്ക്‌ നിദാനം. പെക്ടിനോടും നാരുകളോടുമൊപ്പം കാത്സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്‌, ക്ലോറൈഡ്‌, സള്‍ഫര്‍, ഇരുമ്പ്‌ തുടങ്ങിയ അനേകം ധാതു ഘടകങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. തൊലിക്ക്‌ തൊട്ടു താഴെയായി ഇവയെല്ലാം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ആപ്പിള്‍ തൊലി കളയാതെ ഭക്ഷിച്ചാലേ അതിന്റെ ഗുണം കിട്ടുകയുള്ളൂ. ആപ്പിളിന്റെ ഏതാണ്ട്‌ 85 ശതമാനത്തോളം വെള്ളമാണ്‌. ആപ്പിളില്‍ കാണുന്ന മറ്റൊരു ഘടകം "എത്തിലിന്‍" ആണ്‌. ഇത്‌ ഫലം പഴുക്കുന്നതിന്‌ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു വളര്‍ച്ചാ നിയന്ത്രണ ഘടകമാണ്‌.

ആപ്പിളിന്‌ ആരോഗ്യ മൂല്യം ഉള്ളതിനാല്‍ അവയെ എപ്പോള്‍,എങ്ങനെകഴിക്കണം എന്നറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്‌. ഒന്നാമതായി അത്‌ വിളഞ്ഞ്‌ പഴുത്തതായിരിക്കണം. തണുപ്പിച്ച ആപ്പിള്‍ കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.കുറേ നേരം പുറത്ത്‌ വെച്ച്‌ അന്തരീക്ഷ ഊഷമാവില്‍ എത്തിയ ശേഷം ഭക്ഷിക്കുക. നന്നായി ചവച്ചരക്കുന്നതും നല്ലതാണ്‌. ദഹനവ്യൂഹത്തെ ശുദ്ധീകരിക്കുന്നതിന്‌ സഹായകമായ സ്വഭാവധര്‍മങ്ങളും ആപ്പിളിനുണ്ട്‌. മലബന്ധവും അതിസാരവും സൌഖ്യമാക്കാന്‍ ഈ സവിശേഷതകള്‍ സഹായിക്കുന്നു. ഇന്ത്യയില്‍ കാശ്മീര്‍, കുളു, കുമോണ്‍ എന്നീ പ്രദേശങ്ങളില്‍ വിളയുന്ന ആപ്പിളുകള്‍ വലിയ വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളാണ്‌.
ഹൈദ്രോസ്‌ ആലുവ
MADHYAMAM
2005 ഒക്ടോബര്‍ 21 വെള്ളി

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP