Search This Blog

Wednesday, December 10, 2008

കാടുകളിലെ അപൂര്‍വ ഔഷധച്ചെടി; 'ജീവകം' ഇനി നാടിനും സ്വന്തം

തൃശ്ശൂര്‍:കേരളത്തിലെ കാടുകളില്‍ അപൂര്‍വമായി കാണുന്ന ജീവകം എന്ന ഔഷധച്ചെടിയെ കാടിനുപുറത്ത്‌ വളര്‍ത്തിയെടുക്കാനുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണപദ്ധതിക്ക്‌ ജയം. ആയുര്‍വേദത്തില്‍ അഷ്ടവര്‍ഗത്തില്‍പ്പെടുന്നതാണ്‌ ഈ സസ്യം.

മരുന്ന്‌ നിര്‍മാണത്തിനുള്ള ജീവകം ഭൂരിഭാഗവും പഞ്ചാബില്‍നിന്നാണ്‌ ഇപ്പോള്‍ കേരളത്തിലെത്തുന്നത്‌. ഒരുവര്‍ഷം മുഴുവനും വാടാതിരിക്കുന്ന ഇത്‌ ച്യവനപ്രാശം, ധന്വന്തരം തുടങ്ങിയ മരുന്നുകള്‍ക്കുള്ള അത്യാവശ്യ ഘടകമാണ്‌.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ തോട്ട-സുഗന്ധവിള വിഭാഗത്തിലെ ഡോ.എന്‍. മിനി രാജിന്റെ നേതൃത്വത്തില്‍ നടന്ന പഠനപദ്ധതിയെത്തുടര്‍ന്നാണ്‌ കാടുകള്‍ക്ക്‌ പുറത്ത്‌ ഈ ചെടിയെ വളര്‍ത്താനുള്ള ശ്രമം വിജയിച്ചത്‌. കേരള പരിസ്ഥിതിഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ 2003 ല്‍ ആരംഭിച്ച ഗവേഷണപദ്ധതി ആദ്യഘട്ടം വിജയകരമായതിനെത്തുടര്‍ന്ന്‌ രണ്ടാംഘട്ട പഠനം ആരംഭിച്ചിട്ടുണ്ട്‌.

പറമ്പിക്കുളം കടുവാസങ്കേതം, സൈലന്റ്‌വാലി, പീച്ചി കാടുകള്‍ എന്നിവിടങ്ങളില്‍ 'ജീവകം' വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. വയനാട്ടിലും തേക്കടിയിലും അപൂര്‍വമായുണ്ട്‌. പീച്ചിയിലെ താമരവെള്ളച്ചാലില്‍നിന്ന്‌ 12 കിലോമീറ്റര്‍ അകലെ മലമുകളിലെ കരിങ്കല്‍പ്പാറകള്‍ക്കിടയിലാണ്‌ ഈ ചെടിയെ കൂടുതലായി കണ്ടെത്തിയത്‌.

നിത്യരഹിതവനങ്ങളില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ കരിയിലപൊടിഞ്ഞ്‌ ജൈവാംശം കൂടുതലുള്ള മണ്ണിലാണ്‌ ഈ ചെടി തഴച്ചുവളരാറുള്ളത്‌. തണലും വേണം. കുറഞ്ഞ ഇലകളുള്ള ഈ ചെടിയുടെ നീണ്ട പൂങ്കുലകളില്‍ ധാരാളം മഞ്ഞപ്പൂക്കള്‍ വിരിയും. മഴ പിന്‍വാങ്ങുന്നതോടെ ഇലകള്‍കൊഴിഞ്ഞ്‌ വൈക്കോല്‍ നിറത്തിലാകുന്ന ചെടി അടുത്ത മഴവരെ വരണ്ടുകിടക്കും.

കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ പരീക്ഷണത്തോട്ടങ്ങളില്‍ നട്ടുപിടിപ്പിച്ച്‌ 205 ദിവസത്തിനുശേഷമുള്ള വിളവെടുപ്പില്‍ ഓരോ ചെടിയില്‍നിന്നും ഏകദേശം 15 ഗ്രാം ജീവകം ലഭിച്ചൂവെന്ന്‌ ഡോ.മിനി രാജ്‌ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയിലെ തോട്ടത്തിനുപുറമെ താമരവെള്ളച്ചാലിലെ വനപ്രദേശത്ത്‌ തദ്ദേശീയരുടെ സഹകരണത്തോടെ ജീവകംകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ ആരംഭിച്ച രണ്ടാംഘട്ട ഗവേഷണത്തില്‍ ജീവകത്തിലുള്ള ധാതുക്കളെക്കുറിച്ച്‌ പഠനം നടക്കും.

ഡോ.എം. ആശാ ശങ്കര്‍, ഡോ.എ. അഗസ്റ്റിന്‍, ആലീസ്‌ കുര്യന്‍, ഡോ.ഇ.വി. നൈബി, ഡോ.പി.ജി. ലത എന്നിവരാണ്‌ ഗവേഷണ സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

ഇ. സലാഹുദ്ദീന്‍
മാതൃഭുമി . 10.12.208

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP