Search This Blog

Sunday, June 22, 2008

കശുമാമ്പഴം പാഴാക്കരുത്‌

കൃഷിയിടങ്ങളില്‍ കശുവണ്ടി എടുത്ത ശേഷം കശുമാമ്പഴം വെറുതെ കളയാറാണ്‌ പതിവ്‌കശുമാമ്പഴത്തിന്‌ പലപ്പോഴും വില കല്‍പ്പിക്കാറില്ല.എന്നാല്‍ കശുമാമ്പഴത്തിന്റെ പോഷകമൂല്യവും ഔഷധ ഗുണങ്ങളും മനസ്സിലാക്കിയാല്‍ ആരും ഈ ഫലം പാഴാക്കില്ല എന്നതാണ്‌ വാസ്തവം. ഒരു നാരങ്ങയിലുള്ളതിന്റെ അഞ്ചിരട്ടി 'ജീവകം- സി ' കശുമാങ്ങയിലുണ്ട്‌.



കശുമാമ്പഴ നീര്‌ ഛര്‍ധ്ദി, അതിസാരം, കുട്ടികള്‍ക്കുണ്ടാവുന്ന വയറിളക്കം എന്നിവക്ക്‌ ഔഷധമാണ്‌. ഉദരകൃമി നശിപ്പിക്കാനും അര്‍ശസിനു പരിഹാരം കാണാനും ഇതിനു കഴിയും.കശുമാങ്ങ പലരും ഇഷ്ടപ്പെടാത്തത്‌ അതിലടങ്ങിയിട്ടുള്ള ' ടാനിന്‍' എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം നിമിത്തമാണ്‌. എന്നാല്‍ ഒരു ലിറ്റര്‍ കശുമാങ്ങച്ചാറില്‍ ഒരൌണ്‍സ്‌ കഞ്ഞിവെള്ളം ചേര്‍ത്തു വെച്ചാല്‍ ഈ ചവര്‍പ്പ്‌ മാറ്റിയെടുക്കാം. അല്ലെങ്കില്‍ പി.വി.പി (പോളിവിനൈല്‍ പൈറോളിഡിന്‍) എന്ന രാസവസ്തു ചേര്‍ത്തും കശുമാങ്ങച്ചാറിന്റെ ചവര്‍പ്പ്‌ മാറ്റവുന്നതേയുള്ളൂ. ചവര്‍പ്പ്‌ മാറ്റിയ ചാറുപയോഗിച്ച്‌ ജ്യൂസ്‌, സിറപ്പ്‌, ജാം, ചട്നി. വിനീഗര്‍, ഫൈനി, ക്യാന്‍ഡി എന്നിവയൊക്കെ ഉണ്ടാക്കുകയും ചെയ്യാം.

മാത്സ്യം (0.8 ശതമാനം), കൊഴുപ്പ്‌ (0.2 ശതമാനം), അന്നജം(12.6 ശതമാനം), കാത്സ്യം (0.2 ശതമാനം), ഫോസഫറസ്‌ (19), ഇരുമ്പ്‌ (0.4). ജീവകം ബി -1(0.2), ജീവകം ബ്‌ -2(.0.2), നിയാസിന്‍ (0.5), എന്നിവ കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്നു. 100 ഗ്രം കശുമാങ്ങയില്‍ 200 മില്ലി ഗ്രാം 'ജീവക - സി' യും 450 ഐ.യു' ജീവകം -ഏ' യും ഉണ്ട്‌.കശുവണ്ടിപ്പരിപ്പാകട്ടെ രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന അതിവിശിഷ്ടമായ ഒരുല്‍പ്പന്നമാണ്‌. കശുവണ്ടിപ്പരിപ്പില്‍ 47 ശതമാനം കൊഴുപ്പുണ്ട്‌. എന്നാല്‍ സസ്യകൊഴുപ്പായതിനാലും അതു തന്നെ 82 ശതമാനം അപൂരിതമായതിനാലും (അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌) രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല, മാത്രമല്ല ഇതിലെ കൊഴുപ്പ്‌ ശരീരത്തിലെ കൊളസ്ട്രോളിനെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ഹൃദ്രോഗികള്‍ക്കും കശുവണ്ടിപ്പരിപ്പ്‌ അതേപടി കഴിക്കാം.


അണ്ടിപ്പരിപ്പില്‍ 21 ശതമാനം മാംസ്യവും 22 ശതമാനം കാര്‍ബോഹൈഡ്രേറ്റുമുണ്ട്‌. അമൊനോ അംളങ്ങള്‍, ധാതുലവണങ്ങള്‍. ജീവകങ്ങള്‍ എന്നിവയൊക്കെ മുട്ട, ഇറച്ചി, പാല്‍ എന്നിവയുടെ ഘടനയോട്‌ തുല്യം നില്‍ക്കും വിധമാണ്‌ അടങ്ങിയിട്ടുള്ളത്‌. പഞ്ചസാരയുടെ അളവ്‌ വെറും ഒരു ശതമാനം മാത്രമായതിനാല്‍ പ്രമേഹരോഗികള്‍ക്കും കശുവണ്ടിപ്പരിപ്പ്‌ കഴിക്കാം.കശുവണ്ടിത്തോട്‌ കരിച്ചുണ്ടാക്കുന്ന എണ്ണ കാലിലെ വളം കടിക്കും, ഉപ്പൂറ്റി വിണ്ടുകീറുന്നതിനും മരുന്നാണ്‌. ഈ എണ്ണയ്ക്ക്‌ കൃമിനാശക സ്വഭാവവുമുണ്ട്‌, കശുമാവിന്റെ തൊലിയിട്ടു വെന്ത വെള്ളം കൊണ്ട്‌ കുളിക്കുന്നത്‌ വാതരോഗശമനത്തിനുപകരിക്കും, ഇലയിട്ടു തിളപ്പിച്ച വെള്ളം തൊണ്ടവീക്കം കുറയ്ക്കാന്‍ വായില്‍ കൊള്ളുകയും ചെയ്യാം.

സുരേഷ്‌ മുതുകുളം
മാതൃഭൂമി ദിനപത്രം

1 comment:

  1. കശുമാങ്ങാ വാറ്റിയാല്‍ കിട്ടുന്ന ജൂസിനെ മറന്നോ?

    ReplyDelete

പിന്തുടരുന്നവര്‍

Back to TOP