Search This Blog

Sunday, May 27, 2012

ചായ ദേശീയപാനീയം

അടുത്തകൊല്ലം മുതല്‍ ചായ ഇന്ത്യയുടെ ദേശീയപാനീയമാവും. ഇന്ത്യയിലെ ആദ്യത്തെ തേയിലകൃഷിക്കാരിലൊരാളും 1857ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച പോരാളിയുമായ മണിറാം ദിവാകറിന്റെ 212ാ‍ം ജന്‍മദിനത്തോടനുബന്ധിച്ചാണ്‌ ഈ പ്രഖ്യാപനം നടക്കുക. ഇന്ത്യയിലെ 83 ശതമാനം ആളുകളും ചായ കുടിക്കുന്നവരാകയാല്‍ ദേശീയപാനീയമായിത്തീരാന്‍ ചായയോളം ഉചിതമായി മറ്റൊന്നില്ല.

ഇന്ത്യയുടെ പൊതുജീവിതത്തില്‍ ചായയെപ്പോലെ സ്വാധീനമുണ്ടാക്കിയ മറ്റൊരു പാനീയമില്ല. വളരെ ഉയരത്തില്‍ വളരുന്ന, നല്ലപോലെ പൂവിടുന്ന വര്‍ഗത്തില്‍പ്പെട്ട ചെടിയാണു ചായ. രണ്ടിലയും മൊട്ടും നുള്ളിയെടുത്ത്‌ അതിനെ പ്രകൃതിക്ക്‌ ചാര്‍ത്തുന്ന പട്ടുവില്ലീസ്‌ പുതപ്പാക്കി മാറ്റുകയാണ്‌ തൊഴിലാളികള്‍. തളിരിലകള്‍, പിന്നീട്‌ നമുക്ക്‌ ഊര്‍ജവും ഉഷാറും പകരുന്ന പാനീയമായി മാറുന്നു. ഈ പ്രക്രിയക്കിടയില്‍ തോട്ടങ്ങളില്‍ വീഴുന്ന തൊഴിലാളിയുടെ കണ്ണീരിനെപ്പറ്റിയും വിയര്‍പ്പിനെപ്പറ്റിയും മുല്‍ക്‌രാജ്‌ ആനന്ദിനെപ്പോലെയുള്ളവര്‍ ഒരുപാട്‌ എഴുതിയിട്ടുണ്ട്‌.

'കട്ടന്‍ ചായയും പരിപ്പുവട'യും കഴിച്ചാണു പഴയകാലത്ത്‌ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയത്‌. ബീഡിയും ചായയും കൊണ്ട്‌ സ്റ്റാമിനയുണ്ടാക്കിയ കളിക്കാര്‍ നമ്മുടെ കളിക്കളങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ചു. 'അരച്ചായക്ക്‌' ഗതിയില്ലാത്തവരെപ്പറ്റി ഇപ്പോഴും നമുക്ക്‌ എന്തൊരു പുച്ഛം! ചായപ്പയറ്റ്‌ നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നും സജീവമാണ്‌. ചായ ദേശീയപാനീയമാവുമ്പോള്‍ ഇങ്ങനെ ഓര്‍ത്തുനോക്കാന്‍ എന്തെല്ലാം...

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP